കൊച്ചി: റഷ്യയിലെ റ്റുലയിൽ നടന്ന 20-ാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാന്പ്യൻഷിപ്പിൽ അണ്ടർ-9 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ഇന്ത്യക്ക് വെള്ളി മെഡൽ. ആലപ്പുഴ സ്വദേശികളായ അർണവ് ആനന്ദ്, നെയ്തൽ ഡി. അൻസേര, തൃശൂർ സ്വദേശി ഇലാൻ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് മൂന്നു വിഭാഗങ്ങളിലും വെള്ളി മെഡൽ നേടി അഭിമാനമായത്. റഷ്യയാണ് ചാന്പ്യൻമാർ.
റഷ്യയിലെ റ്റുലയിൽ രണ്ടിന് ആരംഭിച്ച ചാന്പ്യൻഷിപ്പിൽ 12 രാജ്യങ്ങളിൽ നിന്ന് ഏഴുമുതൽ 17 വയസുവരെയുള്ള കുട്ടികളാണ് മത്സരിച്ചത്. ഗോഹട്ടിയിൽ നടന്ന നാഷണൽ ചാന്പ്യൻഷിപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയാണ് യഥാക്രമം ഇലാൻ ഷെഫീഖ്, നെയ്തൽ ഡി. അൻസേര, അർണവ് ആനന്ദ് എന്നിവർ ഏഷ്യൻ മത്സരത്തിന് യോഗ്യത നേടിയത്.
ചേർത്തല പൊന്നാംവെളി വടക്കേമഠം ആനന്ദിന്റെയും (യുഎഇ) ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ വിനീതയുടെയും മകനാണ് അർണവ്. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥി. തുന്പോളി മാതാ സ്കൂളിലെ വിദ്യാർഥിയായ നെയ്തൽ ഡി. അൻസേര ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ ധീരേഷ് അൻസേരയുടെയും സിമിയുടെയും മകനാണ്. തൃശൂർ പാവറട്ടി സ്വദേശിയായ ഇലാൻ ഷെഫീഖ് മസ്കറ്റിലെ ബൗഷർ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ്. ഷഫീഖും നഷീജയുമാണ് മതാപിതാക്കൾ.